ദർശനം

കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ്, 2047-നുള്ളിൽ “”എല്ലാവർക്കും ഇൻഷുറൻസ്”” എന്ന ഇന്ത്യൻ ദേശീയ ലക്ഷ്യത്തോടൊത്ത്, കേരള സംസ്ഥാനത്തിലെ ഓരോ പൊതുസേവകനും, പൗരനും ജീവിതം, ആരോഗ്യം, സ്വത്ത്, ജീവിതോപാധി എന്നിവയിലുടനീളം സമഗ്രവും അനുയോജ്യവുമായ ഇൻഷുറൻസ് പരിരക്ഷ ആസ്വദിക്കുന്ന ഭാവിയെ ലക്ഷ്യമിടുന്നു. പൊതുസേവകരിൽ 100% ഇൻഷുറൻസ് കവറേജ് ഉറപ്പാക്കുന്നതിലൂടെ സാർവത്രിക ഇൻഷുറൻസ് വ്യാപനത്തിനുള്ള മാതൃക ഉണ്ടാക്കുകയും, ഈ മാതൃകയെ അടിസ്ഥാനമാക്കി ഒരാളും ഒരു സ്ഥാപനവും അപ്രതീക്ഷിതമായ അപകടത്താൽ നിരാശ്രയരാകാത്ത വിധം കേരള സംസ്ഥാനത്തെ എല്ലാ പൗരന്മാരിലേക്കും സ്ഥാപനങ്ങളിലേക്കും ഇൻഷുറൻസ് പരിരക്ഷ വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ലക്ഷ്യം. വകുപ്പ് പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും, പോളിസി ഉടമകളിൽ വിശ്വാസം ആഴപ്പെടുത്താനും, സാമൂഹിക സുരക്ഷയുടെയും സാമ്പത്തിക സുസ്ഥിരതയുടേയും വലിയ ലക്ഷ്യത്തിലേക്ക് യഥാർത്ഥ സംഭാവനകൾ നൽകാനും ആഗ്രഹിക്കുന്നു.

ലക്ഷ്യം

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും വിശ്വസനീയവും കാര്യക്ഷമവുമായതുമായ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിന് കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. 1896 മുതൽ പൊതുജന വിശ്വാസം നേടിയിട്ടുള്ള വാണിജ്യ വകുപ്പ് എന്ന നിലയിൽ, ലൈഫ്, ജനറൽ, ഗ്രൂപ്പ്, ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളുടെ സ്ഥിരതയുള്ള നടത്തിപ്പിലൂടെ ഞങ്ങളുടെ സേവന പരിധിയിലുള്ളവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണ് ഞങ്ങളുടെ ദൗത്യം. ഉയർന്ന സ്വഭാവസ്ഥിരതയും മികച്ച ഉപഭോക്തൃസേവനവും പുതുക്കപ്പെടാനുള്ള പ്രതിബദ്ധതയും പാലിച്ച്, ഒരു ആധുനിക ക്ഷേമ രാഷ്ട്രത്തിന്റെ മാറിവരുന്ന ആവശ്യങ്ങൾക്കും പൊതുതാൽപ്പര്യത്തിനും അനുസൃതമായി പ്രവർത്തനം നടത്തുന്നത് ഞങ്ങൾ ലക്ഷ്യമിടുന്നു.”